ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളുടെ വിശദമായ ചരിത്രം
1 മിനിറ്റ് 44 സെക്കൻഡ് വായന

ഒരു പൊതുവായ നിക്ഷേപ ലക്ഷ്യം പങ്കിടുന്ന നിക്ഷേപകരിൽ നിന്ന് മ്യൂച്വൽ ഫണ്ട് പണം ശേഖരിക്കുന്നു. സമാഹരിച്ച പണം ബോണ്ടുകൾ, സ്റ്റോക്കുകൾ, മറ്റ് സെക്യൂരിറ്റികൾ തുടങ്ങിയ ആസ്തികളുടെ വൈവിധ്യമാർന്ന പോർട്ട്ഫോളിയോയിൽ അസറ്റ് മാനേജ്മെന്റ് കമ്പനി (AMC) എന്ന് വിളിക്കപ്പെടുന്ന കമ്പനി നിക്ഷേപിക്കുന്നു. നഷ്ടസാധ്യത, റിവാർഡുകൾ എന്നിവ കൈകാര്യം ചെയ്തുകൊണ്ട് നിക്ഷേപകർക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് AMC-യുടെ ലക്ഷ്യം. എന്നാൽ മ്യൂച്വൽ ഫണ്ടുകളുടെ ചരിത്രം എന്താണ്?
ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടിന്റെ ചരിത്രം
തുടക്കം മുതൽ തന്നെ, ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് വ്യവസായം നിക്ഷേപകർക്കുള്ള നിക്ഷേപ മാർഗ്ഗങ്ങൾ വിപുലീകരിക്കുന്നതിൽ നിരവധി വികാസപരിണാമങ്ങൾ കണ്ടിട്ടുണ്ട്. ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളുടെ ഒരു സംഗ്രഹീത ചരിത്രമാണ് ചുവടെ പറഞ്ഞിരിക്കുന്നത്:
> ഘട്ടം 1 (1964 – 1987)
1963-ൽ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (UTI) സ്ഥാപിക്കപ്പെട്ടതിലൂടെയാണ് ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളുടെ ചരിത്രം ആരംഭിച്ചത്.
ഓഹരികളിൽ നിന്നുള്ള വരുമാനത്തിലും ലാഭത്തിലും സമ്പാദ്യം, നിക്ഷേപം, പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലെ സർക്കാരും റിസർവ് ബാങ്കും ചേർന്നാണ് ഇത് സ്ഥാപിച്ചത്. ഈ ഘട്ടത്തിൽ UTI ആധിപത്യം പുലർത്തുകയും, 1964-ൽ ആദ്യത്തെ സ്കീം ആരംഭിക്കുകയും ചെയ്തു. ഇത് സുരക്ഷിതവും ഉറപ്പുള്ളതുമായ വരുമാനം വാഗ്ദാനം ചെയ്യുകയും ചെറുകിട നിക്ഷേപകരെ വിപണിയിലേക്ക് ആകർഷിക്കുകയും ചെയ്തു.
> ഘട്ടം 2 (1987 – 1993)
ഈ ഘട്ടത്തിൽ പൊതുമേഖലാ ബാങ്കുകളും വിവിധ ധനകാര്യ സ്ഥാപനങ്ങളും മ്യൂച്വൽ ഫണ്ടിലേക്ക് പ്രവേശിച്ചു. 1987-ൽ ആരംഭിച്ച SBI മ്യൂച്വൽ ഫണ്ട് ഇന്ത്യയിലെ ആദ്യ നോൺ-UTI മ്യൂച്വൽ ഫണ്ടാണ്. ഈ കാലയളവിൽ UTI-യും മറ്റ് മ്യൂച്വൽ ഫണ്ടുകളും പുതിയ സ്കീമുകൾ അവതരിപ്പിക്കുകയും നിക്ഷേപകർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുകയും ചെയ്തു.
> ഘട്ടം 3 (1993 – 2003)
1993-ൽ സ്വകാര്യ കമ്പനികൾക്ക് മ്യൂച്വൽ ഫണ്ട് വ്യവസായത്തിൽ പ്രവേശിക്കാൻ സർക്കാർ അനുമതി നൽകിയപ്പോഴാണ് ഒരു പ്രധാന നാഴികക്കല്ലിലെത്തിയത്. ഇത് സ്വകാര്യമേഖലയിൽ നിരവധി അസറ്റ് മാനേജ്മെന്റ് കമ്പനികളുടെ (AMC-കൾ) രൂപീകരണത്തിലേക്ക് നയിച്ചു. ഈ ഘട്ടത്തിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾക്കിടയിലെ കടുത്ത മത്സരവും വ്യവസായത്തിന്റെ വേഗത്തിലുള്ള വളർച്ചയും കണ്ടു. 1993-ൽ SIP-കൾ അവതരിപ്പിക്കപ്പെട്ടു, അത് നിക്ഷേപ തന്ത്രം മാറ്റുകയും റീട്ടെയിൽ നിക്ഷേപകർക്ക് കൂടുതൽ വ്യവസ്ഥാപിതവും ചെലവ് കുറഞ്ഞതുമാക്കുകയും ചെയ്തു.
> ഘട്ടം 4 (ഫെബ്രുവരി 2003 - ഏപ്രിൽ 2014)
2003 ഫെബ്രുവരിയിൽ, 1963-ലെ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആക്ട് റദ്ദാക്കിയതിനുശേഷം, UTI-യെ രണ്ട് സ്ഥാപനങ്ങളായി വിഭജിച്ചു: SUUTI (സ്പെസിഫൈഡ് അണ്ടർടേക്കിംഗ് ഓഫ് ദി യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ), SEBI-യുടെ ചട്ടപ്രകാരം പ്രവർത്തിക്കുന്ന UTI മ്യൂച്വൽ ഫണ്ട്. 2009-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ലോകമെമ്പാടുമുള്ള ഓഹരിവിപണികൾ നിലംപൊത്തി. വിപണി ഏറ്റവും ഉയർന്ന് നിന്ന സമയത്ത് വിപണിയിൽ പ്രവേശിച്ച അനേകം നിക്ഷേപകർക്ക് നഷ്ടം സംഭവിച്ചു, ഇത് മ്യൂച്വൽ ഫണ്ട് ഉൽപന്നങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കി. SEBI-യുടെ എൻട്രി ലോഡ് ഇല്ലാതാക്കിയതും സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളും ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായത്തെ കൂടുതൽ ബാധിച്ചു. ഇത് 2010 മുതൽ 2013 വരെ മാനേജ്മെന്റിന് കീഴിലുള്ള ആസ്തികളുടെ (AUM) മന്ദഗതിയിലുള്ള വളർച്ചയ്ക്ക് കാരണമായി, വ്യവസായം തിരികെ വരാൻ പ്രയാസപ്പെട്ടു.
> ഘട്ടം 5 (നിലവിൽ - മെയ് 2014 മുതൽ)
മ്യൂച്വൽ ഫണ്ടുകളുടെ പരിമിതമായ വ്യാപ്തിയും പങ്കാളിത്ത താൽപ്പര്യങ്ങൾ ഏകീകരിക്കേണ്ടതിന്റെ ആവശ്യകതയും അംഗീകരിച്ച SEBI ഇന്ത്യൻ മ്യൂച്വൽ ഫണ്ട് മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി നിരവധി നടപടികൾ അവതരിപ്പിച്ചു. ഈ നടപടികൾ പ്രതികൂലമായ ട്രെൻഡ് ഇല്ലാതാക്കുന്നതിൽ വിജയം നേടി. പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം അതിൽ പുരോഗതി കണ്ടു. 2014 മെയ് മുതൽ, മാനേജ്മെന്റിന് കീഴിലുള്ള ആസ്തികളുടെയും (AUM) നിക്ഷേപക അക്കൗണ്ടുകളുടെയും എണ്ണത്തിലെ വർദ്ധനവോടെ വ്യവസായം സ്ഥിരമായ വളർച്ച കണ്ടു.
വർഷങ്ങളായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (SIP) ജനപ്രിയമാക്കുന്നതിൽ മ്യൂച്വൽ ഫണ്ട് വിതരണക്കാരും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2016 ഏപ്രിലിൽ SIP അക്കൗണ്ടുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു. 2024 ഓഗസ്റ്റ് വരെ ഇന്ത്യയിൽ ഏകദേശം 9.61 കോടി SIP അക്കൗണ്ടുകളാണ് ഉള്ളത്.
നിരാകരണം
മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണിയിലെ നഷ്ട സാധ്യതകൾക്ക് വിധേയമാണ്, സ്കീം സംബന്ധിച്ചുള്ള എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.