അണ്‍റെഗുലേറ്റഡ് നിക്ഷേപ പദ്ധതികൾ എന്നാല്‍ എന്താണ്?

അണ്‍റെഗുലേറ്റഡ് നിക്ഷേപ പദ്ധതികൾ എന്നാല്‍ എന്താണ്?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

വിപണിയിൽ ലഭ്യമായതിനേക്കാൾ ഉയർന്ന റിട്ടേണും കുറഞ്ഞ നഷ്ട സാധ്യതയും വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളിലേക്ക് നിഷ്കളങ്കരായ നിരവധി നിക്ഷേപകര്‍ ഈയാംപാറ്റകളെപ്പോലെ ചെന്നു വീഴുന്ന ധാരാളം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത്തരം അണ്‍റെഗുലേറ്റഡ് നിക്ഷേപ പദ്ധതികളെയാണ് പോൺസി സ്കീമുകൾ എന്ന് വിളിക്കുന്നത്. അവയ്ക്ക് വളരെയധികം ഉയർന്ന നഷ്ട സാധ്യതയാണ് ഉള്ളത്. ഇന്ത്യയിലെ എല്ലാത്തരം നിക്ഷേപ പദ്ധതികളുടെയും മേൽനോട്ടത്തിന്റെ ഉത്തരവാദിത്തമുള്ള ഒമ്പത് റെഗുലേറ്ററി അതോറിറ്റികളിൽ ഒന്നിന്റെ കീഴില്‍ പോലും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വ്യക്തികൾ, വ്യക്തികളുടെ സംഘങ്ങൾ അല്ലെങ്കിൽ ബിസിനസ് ലക്ഷ്യത്തിനായുള്ള ഒരു കമ്പനി എന്നിങ്ങനെയുള്ളവര്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളാണ് അണ്‍റെഗുലേറ്റഡ് നിക്ഷേപ പദ്ധതികൾ. ഈ സ്കീമുകൾ സാധാരണഗതിയില്‍ വളരെ ചെറിയ നഷ്ട സാധ്യതയെന്നോ അല്ലെങ്കില്‍ നഷ്ട സാധ്യതയേ ഇല്ലെന്നോ വിശ്വസിപ്പിച്ച് വളരെ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യും.

ഇത്തരത്തിലുള്ള നിരവധി അണ്‍റെഗുലേറ്റഡ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ച ആയിരക്കണക്കിന് സാധാരണക്കാര്‍ക്കാണ് തങ്ങള്‍ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച പണം നഷ്ടമായത്. അതാണ് 2019-ൽ അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമം പാസാക്കാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്. ഈ നിയമത്തില്‍ റെഗുലേറ്റഡ് നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള വിശദമായ പട്ടികയും പൊതുവില്‍ പരമ്പരാഗത നിക്ഷേപ പദ്ധതികളായി പരിഗണിക്കപ്പെടാത്ത മ്യൂച്വൽ ഫണ്ടുകള്‍, പോർട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസുകള്‍ (പിഎംഎസ്) എന്നിങ്ങനെയുള്ള നിക്ഷേപ ഓപ്ഷനുകളും എടുത്തു പറയുന്നുണ്ട്.

വളരെ കുറച്ച് നഷ്ട സാധ്യതയും വലിയ നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ ഓപ്ഷൻ നിങ്ങളുടെ കണ്ണില്‍പ്പെട്ടാല്‍, നഷ്ട സാധ്യത ഇല്ലെങ്കിൽ റിട്ടേണും ഉണ്ടാകില്ല എന്ന കാര്യം എപ്പോഴും ഓര്‍ക്കുക. ലോകത്ത് സൗജന്യമായി ഒരു മണി അരി പോലും നിങ്ങള്‍ക്ക് ലഭിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുറഞ്ഞ റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ ഓപ്ഷനെ അപേക്ഷിച്ച് ഉയർന്ന റിട്ടേൺ എന്നതില്‍ എപ്പോഴും ഉയർന്ന റിസ്കും ഉണ്ടായിരിക്കും. റിസ്കും റിട്ടേണും തമ്മിലുള്ള ഈ ബന്ധം മനസ്സിലാക്കാന്‍ കഴിയാത്ത ചെറുകിട നിക്ഷേപകരെ വഞ്ചിക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ് അനിയന്ത്രിത നിക്ഷേപ പദ്ധതികൾ. ഈ തട്ടിപ്പ് സ്കീമുകൾ മുന്നോട്ടു വയ്ക്കുന്നവര്‍ അതിലെ നഷ്ട സാധ്യതയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാതെ ആകർഷകമായ റിട്ടേണ്‍ ഉയര്‍ത്തിക്കാട്ടിയാണ് നിക്ഷേപകരെ അതിലേക്ക് വശീകരിക്കുന്നത്.

അണ്‍റെഗുലേറ്റഡ് നിക്ഷേപങ്ങളുടെ ഏറ്റവും വലിയ നഷ്ട സാധ്യത അവയുടെ വരുമാനത്തിന് ഗ്യാരണ്ടി ഇല്ല എന്നതാണ്. മാത്രമല്ല സ്കീമിന്റെ പ്രൊമോട്ടർമാർ സ്കീമിന് കീഴിൽ വാഗ്ദാനം ചെയ്ത റിട്ടേണ്‍ നല്‍കാതെ വഞ്ചിക്കാനുള്ള ഉയർന്ന സാധ്യതയുമുണ്ട്. പട്ടികപ്പെടുത്തിയ ഒമ്പത് റെഗുലേറ്ററി അതോറിറ്റികളിലും ഇത്തരം സ്കീം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ആ സ്കീം ഒരു തട്ടിപ്പായി മാറുകയാണെങ്കിൽ നിങ്ങളുടെ പണം വീണ്ടെടുത്തു നല്‍കാന്‍ നിങ്ങൾക്ക് ഈ അതോറിറ്റികളെ സമീപിക്കാനും കഴിയില്ല.

2019-ലെ അണ്‍റെഗുലേറ്റഡ് നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം അത്തരം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും നിക്ഷേപകർക്ക് വാഗ്ദാനം ചെയ്ത പണം നല്‍കാതെ വഞ്ചിക്കുന്നതും എന്തിന് അത്തരം സ്കീമുകളുടെ പ്രൊമോഷൻ പോലും നിയമവിരുദ്ധമാണ്. അത്തരം കുറ്റകൃത്യങ്ങൾ ശിക്ഷാർഹമാണ്. അതിനാൽ, അടുത്ത തവണ നിങ്ങൾക്ക് മറ്റെവിടെയും ലഭിക്കുന്നതിനേക്കാൾ ഉയർന്ന വരുമാനം നല്‍കാമെന്നും നിങ്ങളുടെ പണം കുറച്ച് സമയത്തിനുള്ളിൽ ഇരട്ടിയാകുമെന്നും അല്ലെങ്കിൽ ഒന്നും ഈട് നല്‍കാതെ നിങ്ങളെ കോടീശ്വരനാക്കാമെന്നും വാഗ്ദാനം ചെയ്യുന്ന, പ്രത്യക്ഷത്തില്‍ അപകടസാധ്യത തോന്നാത്ത ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ച് കേൾക്കുമ്പോൾ ആദ്യം തന്നെ, ആ സ്കീമിന്റെ നടത്തിപ്പുകാര്‍ ആരാണെന്ന് പരിശോധിക്കുകയും സ്കീം ഇവിടെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഏതെങ്കിലും റെഗുലേറ്ററി ബോഡികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് നോക്കുകയും ആ സ്കീമിനെ കുറിച്ചുള്ള വാർത്തകൾ തെരയുകയും ചെയ്യുന്നതാണ് ബുദ്ധി.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍