ഏതൊക്കെയാണ് മൾട്ടി ക്യാപ്പ് ഫണ്ടുകൾ?

ഏതൊക്കെയാണ് മൾട്ടി ക്യാപ്പ് ഫണ്ടുകൾ?

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

നിങ്ങൾ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടുമ്പോള്‍ എപ്പോഴെങ്കിലും ഏതെങ്കിലും പേരിലുള്ള മൾട്ടി ക്യാപ്പ് ഫണ്ടുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇവ പൊതുവില്‍ ജനപ്രിയമായ മറ്റ് ലാര്‍ജ് ക്യാപ്പ് ഫണ്ടുകളിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, ഒരു മൾട്ടിക്യാപ്പ് ഫണ്ട് ലാര്‍ജ്, മിഡ്, സ്മോൾ ക്യാപ്പ് കമ്പനികളിൽ നിക്ഷേപം നടത്തുന്നു. അതാകട്ടെ അതിന്റെ പോർട്ട്ഫോളിയോകളിൽ മാർക്കറ്റ് ക്യാപ്പുകളിലെ ഡൈവേഴ്സിഫിക്കേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

2017 ഒക്ടോബറില്‍ പുറത്തിറക്കുകയും 2018 ജൂണില്‍ പ്രാബല്യത്തിലാകുകയും ചെയ്ത സെബിയുടെ പ്രോഡക്റ്റ് കാറ്റഗറൈസേഷന്‍ സർക്കുലർ പ്രകാരം ഇക്വിറ്റി ഫണ്ടുകളെ അവയുടെ പോര്‍ട്ട്ഫോളിയോയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന സ്റ്റോക്കുകളുടെ തരത്തെ അടിസ്ഥാനമാക്കി ലാര്‍ജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ് എന്നിങ്ങനെ തരംതിരിക്കാം. ഇന്ത്യയിലെ വിവിധ എക്സ്ചേഞ്ചുകളിൽ പബ്ലിക്ക് ആയി ലിസ്റ്റ് ചെയ്ത നിരവധി കമ്പനികളുണ്ട്. ലാർജ് ക്യാപ്പ് എന്നത് ഫുള്‍ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ (മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ = പബ്ലിക് ആയി ലിസ്റ്റ് ചെയ്ത ഷെയറുകളുടെ എണ്ണം x ഓരോ ഷെയറിന്റെയും വില) വഴി ഇന്ത്യയില്‍ പബ്ലിക്ക് ആയി ലിസ്റ്റ് ചെയ്ത 100 മുൻനിര കമ്പനികളെയാണ് സൂചിപ്പിക്കുന്നത്. മിഡ് ക്യാപ്പ് എന്നത് മാർക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ കാര്യത്തിൽ 101 മുതൽ 250 വരെയുള്ള കമ്പനികളെയാണ് സൂചിപ്പിക്കുന്നത്. മാർക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ കാര്യത്തില്‍ 251 മുതലുള്ള കമ്പനികളെയാണ് സ്മോള്‍ ക്യാപ്പ് എന്ന് വിളിക്കുന്നത്.

ലാര്‍ജ് ക്യാപ്പ് ഫണ്ടുകൾ പ്രവചനാത്മകവും സുസ്ഥിരവുമായ വളർച്ച വാഗ്ദാനം ചെയ്യുന്ന ലാര്‍ജ് ക്യാപ്പ് കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍ സ്മോൾ ക്യാപ്പ് ഫണ്ടുകൾ നിലവിൽ ഉയർന്ന വളർച്ചാ ഘട്ടത്തിലൂടെ കടന്നുപോകുന്നതും എന്നാൽ അത്രയും തന്നെ റിസ്ക്‌ സാധ്യതയുള്ളതുമായ സ്മോൾ ക്യാപ്പ് കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. ലാര്‍ജ് ക്യാപ്പ് ഫണ്ടുകൾ കുറഞ്ഞതാണെങ്കിലും സുസ്ഥിരമായ വരുമാനം നല്‍കിയേക്കും. എന്നാല്‍ സ്മോള്‍ ക്യാപ്പ് ഫണ്ടുകള്‍ ആകട്ടെ ഹ്രസ്വകാലത്തേക്ക് കൂടുതൽ അസ്ഥിരമായ വരുമാനം ആയിരിക്കും നല്‍കാന്‍ സാധ്യത. വലിയ വളർച്ചാ സാധ്യതയുള്ള മിഡ് ക്യാപ്പ് കമ്പനികളിലാണ് മിഡ് ക്യാപ്പ് ഫണ്ട് നിക്ഷേപം നടത്തുന്നത്. ഈ കമ്പനികൾ നിലവില്‍ നിശ്ചിത അളവില്‍ സ്ഥിരതയും വളര്‍ച്ചയും നേടിയിട്ടുള്ളതിനാൽ സ്മോള്‍ ക്യാപ്പുമായി ബന്ധപ്പെട്ട റിസ്ക് ഇതിന് ഉണ്ടാകാന്‍ സാധ്യത കുറവായിരിക്കും. സ്മോൾ ക്യാപ്പ് ഫണ്ടുകളെപ്പോലെ വലിയ നഷ്ട സാധ്യതയില്ലാതെ മിഡ് ക്യാപ്പ് ഫണ്ടുകൾ ലാര്‍ജ് ക്യാപ്പുകളേക്കാൾ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്തേക്കാം. പക്ഷേ അവയ്ക്ക് അപ്പോഴും ലാര്‍ജ് ക്യാപ്പ് ഫണ്ടുകളേക്കാൾ ഉയർന്ന നഷ്ട സാധ്യതയുള്ള ചില ഘടകങ്ങൾ ഉണ്ട്.

വ്യത്യസ്ത മാർക്കറ്റ് ക്യാപ്പ് സെഗ്‌മെന്റുകളിലുടനീളം അസറ്റ് അലോക്കഷനുമായി ബന്ധപ്പെട്ട് മൾട്ടിക്യാപ്പ് മ്യൂച്വൽ ഫണ്ട് കാറ്റഗറി പിന്തുടരേണ്ട വ്യക്തമായ മാർഗനിർദ്ദേശങ്ങൾ (2020 സെപ്റ്റംബർ 11-ന്) സെബി നല്‍കിയിട്ടുണ്ട്. മൾട്ടി ക്യാപ്പ് ഫണ്ടുകൾ അവയുടെ അസറ്റിന്‍റെ 75% എങ്കിലും എല്ലാ സമയത്തും ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും നിക്ഷേപിച്ചിരിക്കണം. പോര്‍ട്ട്ഫോളിയോയില്‍ അതിന്റെ ആസ്തിയുടെ 25% എങ്കിലും ലാര്‍ജ്-ക്യാപ്പ് സ്റ്റോക്കുകളിലും 25% മിഡ്-ക്യാപ്പ് സ്റ്റോക്കുകളിലും 25% സ്മോൾ-ക്യാപ്പ് സ്റ്റോക്കുകളിലും നിക്ഷേപിച്ചിരിക്കണം. ഡൈവേഴ്സിഫിക്കേഷനും ദീർഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സ്വരുക്കൂട്ടുന്നതിനുമുള്ള നല്ല ഓപ്ഷനാണ് മൾട്ടിക്യാപ്പ് ഗ്രോത്ത് ഫണ്ട് എങ്കിലും, സ്മോള്‍, മിഡ്-ക്യാപ്പ് സ്റ്റോക്കുകളില്‍ 50% എങ്കിലും നിക്ഷേപം നടത്തേണ്ടത് ഉള്ളതിനാൽ ഇത് ഹ്രസ്വകാലത്തേക്ക് വളരെ റിസ്കി ആയേക്കാം. മാർക്കറ്റ് ക്യാപ്പ് എക്‌സ്‌പോഷറിന്‍റെ ഉയർന്ന പരിധി, ഫണ്ട് മാനേജർക്ക് തന്റെ മാർക്കറ്റ് അവലോകനങ്ങള്‍ക്ക് അനുസൃതമായി വിവിധ മാർക്കറ്റ് ക്യാപ്പ് സ്റ്റോക്കുകളില്‍ അലോക്കേഷൻ മാറ്റാനുള്ള സൗകര്യവും ഇത് പരിമിതപ്പെടുത്തുന്നുണ്ട്.

നിക്ഷേപകർ തങ്ങളുടെ പോർട്ട്ഫോളിയോയിൽ ഒരു മൾട്ടിക്യാപ്പ് ഫണ്ട് ചേർക്കുന്നതിനു മുമ്പ് തങ്ങൾ നിലവില്‍ നടത്തിയിട്ടുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും വിവിധ മാർക്കറ്റ് ക്യാപ്പ് സെഗ്‌മെന്റുകളിലുള്ള എക്‌സ്‌പോഷറും ശ്രദ്ധാപൂർവം വിലയിരുത്തണം. സമയ പരിധി 5-7 വർഷത്തിൽ താഴെയുള്ളവര്‍ക്കും നഷ്ട സഹന ശേഷി കുറഞ്ഞവർക്കും അനുയോജ്യമായതല്ല മൾട്ടി ക്യാപ്പ് ഫണ്ടുകൾ.

444
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍