ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ കോട്ടങ്ങൾ എന്തൊക്കെയാണ്?

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ കോട്ടങ്ങൾ എന്തൊക്കെയാണ്? zoom-icon

മ്യൂച്വല്‍ ഫണ്ട് ശരിയാണോ??

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകൾ (ടിഎംഎഫ്) എന്നത് നിങ്ങൾക്ക് നിശ്ചിത മെച്യൂരിറ്റി തീയതികൾ വാഗ്ദാനം ചെയ്യുന്ന ഒരുതരം ഓപ്പൺ-എൻഡഡ് ഡെറ്റ് ഫണ്ടുകളാണ്. ഈ ഫണ്ടുകളുടെ പോർട്ട്‌ഫോളിയോയില്‍ ഉള്ള ബോണ്ടുകളുടെ കാലാവധി, ഫണ്ടിന്റെ ടാർഗെറ്റ് മെച്യൂരിറ്റി തീയതിയുമായി അനുരൂപപ്പെടുത്തിയതാണ്. ഈ ബോണ്ടുകളെല്ലാം മെച്യൂരിറ്റി കാലയളവ് വരെ നിലനിർത്തുകയും ചെയ്യും. ഇത് പലിശ നിരക്കിന്‍റെ നഷ്ടസാധ്യത കുറയ്ക്കുന്നതിനും വരുമാനം കൂടുതൽ പ്രവചനാത്മകമാക്കുന്നതിനും സഹായിക്കുമെങ്കിലും, ഈ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനു മുമ്പ് നിക്ഷേപകർ ടിഎംഎഫുകളുടെ പോരായ്മകൾ അറിഞ്ഞിരിക്കണം.

ടാർഗെറ്റ് മെച്യൂരിറ്റി ബോണ്ട് ഫണ്ടുകൾ എന്നത് ഡെറ്റ് ഫണ്ടിന്റെ ഒരു പുതിയ കാറ്റഗറി ആയതിൽ ഈ ഗണത്തില്‍ വളരെ കുറച്ച് ഓപ്ഷനുകളേ ലഭ്യമായിട്ടുള്ളൂ. ഇത് ഒരു നിക്ഷേപകന് തെരഞ്ഞെടുക്കുന്നതിനുള്ള മെച്യൂരിറ്റി കാലയളവുകളുടെ ലഭ്യത പരിമിതപ്പെടുത്തിയേക്കാം, അതായത് ഒരു പ്രത്യേക മെച്യൂരിറ്റി കാലയളവില്‍ താൽപര്യമുള്ള നിക്ഷേപകർക്ക് അനുയോജ്യമായ ഒരു ഫണ്ട് കണ്ടെത്താൻ കഴിഞ്ഞേക്കില്ല എന്നര്‍ത്ഥം. അതുപോലെ തന്നെ, ഈ കാറ്റഗറിക്ക് ആശ്രയിക്കാൻ പ്രകടനത്തിന്‍റെ ട്രാക്ക് റെക്കോർഡുകളും ഇല്ല.

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടിന്‍റെ നേട്ടങ്ങളിൽ പലിശ നിരക്കിന്‍റെ നഷ്ടസാധ്യത കുറഞ്ഞിരിക്കുന്നതിനോടൊപ്പം പ്രത്യക്ഷമായ റിട്ടേണും ഉൾപ്പെടുന്നുണ്ട്. പക്ഷേ നിക്ഷേപകൻ മെച്യൂരിറ്റി വരെ ഫണ്ടിൽ നിക്ഷേപം നിലനിർത്തിയാൽ മാത്രമേ ഈ രണ്ട് നേട്ടങ്ങളും ഫലവത്താകൂ. അതിനാൽ തന്നെ, ഒരു അടിയന്തര ഘട്ടത്തിൽ മെച്യൂരിറ്റിക്കു മുമ്പ് നിക്ഷേപം ലിക്വിഡേറ്റ് ചെയ്യേണ്ടി വന്നാൽ നിക്ഷേപകർക്ക് റിട്ടേൺ കുറയാനും പലിശ നിരക്കില്‍ ചാഞ്ചാട്ടം നേരിടാനും സാധ്യതയുണ്ട്. അതിനാല്‍ നിങ്ങൾക്ക് 5-7 വർഷങ്ങളിലെ ഇടത്തരം-ദീർഘകാല ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുകയും ഫണ്ട് മെച്യൂര്‍ ആകുന്നതു വരെ നിങ്ങളുടെ നിക്ഷേപങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുകയും ചെയ്യുമെങ്കില്‍ മാത്രമേ ടിഎംഎഫുകൾ പരിഗണിക്കാവൂ.

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകളുടെ ഏറ്റവും വലിയ പോരായ്മ, നിക്ഷേപകർക്ക് തത്സമയ പലിശ നിരക്കുകളേ ലഭിക്കുകയുള്ളൂ എന്നതാണ്. ഇത് മൊത്തത്തിലുള്ള റിട്ടേണിനെ പ്രതികൂലമായി ബാധിച്ചേക്കാം, പ്രത്യേകിച്ചും ഭാവിയിൽ പലിശ നിരക്ക് ഉയരാൻ സാധ്യതയുള്ളതിനാല്‍. സമ്പദ്‌വ്യവസ്ഥ ഒരു മാന്ദ്യത്തിൽ നിന്ന് കരകയറുമ്പോഴോ അല്ലെങ്കിൽ സർക്കാർ നിലവിലുള്ള ഉത്തേജക പാക്കേജ് പിൻവലിക്കാൻ സാധ്യതയുള്ളപ്പോഴോ ആണ് സാധാരണ ഇത് സംഭവിക്കാറുള്ളത്. ഈ രണ്ട് സാഹചര്യങ്ങളിലും പലിശ നിരക്ക് പൊതുവെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. അതുകൊണ്ടു തന്നെ അത് ഉയരാനുള്ള സകല സാധ്യതയുമുണ്ട്. പലിശ നിരക്കുകള്‍ ഉയരുന്നത് ബോണ്ട് വിലകളേയും ഡെറ്റ് ഫണ്ട് റിട്ടേണുകളേയും പ്രതികൂലമായി സ്വാധീനിക്കും.

ടിഎംഎഫുകൾ അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ബോണ്ട് സൂചികയിലാണ് നിക്ഷേപിക്കുന്നത് എന്നതിനാൽ, ഈ ഫണ്ടുകളിൽ മറ്റേത് ഇന്‍ഡക്സ് ഫണ്ടിനെയും പോലെ ട്രാക്കിംഗ് പിശകിനും സാധ്യതയുണ്ട്. ഈ കാറ്റഗറിക്ക് ഒരു പ്രകടന ചരിത്രമില്ലെങ്കിലും, ഒരു നിശ്ചിത ടിഎംഎഫിൽ നിന്ന് പ്രതീക്ഷിക്കാവുന്ന വരുമാനത്തിന്റെ ന്യായമായ സൂചകമാണ് അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ബോണ്ട് സൂചികകൾ. അതിനാല്‍ തന്നെ, ട്രാക്കിംഗ് പിശക് അതായത് യഥാർത്ഥ ഫണ്ട് റിട്ടേണുകളും ബെഞ്ച്മാർക്ക് റിട്ടേണും തമ്മിലുള്ള വ്യത്യാസം റിട്ടേൺ പ്രവചനാത്മകതയില്‍ വിള്ളല്‍ വീഴ്ത്തിയേക്കും.

ഈ ഫണ്ട് പാസീവ് ആയതിനാല്‍, ക്രെഡിറ്റ് റേറ്റിംഗില്‍ മാറ്റം ഉണ്ടാകുകയോ ആർബിഐ പലിശ നിരക്കുകളിൽ മാറ്റം വരുത്തുകയോ ചെയ്യുന്നതു കൊണ്ട് ഡെറ്റ് മാർക്കറ്റിന്റെ വീക്ഷണഗതി ഹ്രസ്വകാലത്തില്‍ മാറുകയാണെങ്കിൽ, വിവിധ നഷ്ടസാധ്യതകൾ കൈകാര്യം ചെയ്യാൻ ഫണ്ട് മാനേജർക്ക് പരിമിതമായ സാധ്യത മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. വീക്ഷണഗതി എന്തു തന്നെയായാലും ഫണ്ട് മാനേജർക്ക് അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സൂചികയിലെ ബോണ്ടുകൾ അതേപടി നിലനിര്‍ത്തുകയല്ലാതെ മറ്റ് മാർഗമുണ്ടാകില്ല. അതിനാൽ, ഡെറ്റ് ഫണ്ടുകളിൽ ഹ്രസ്വകാല നിക്ഷേപം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇത് അനുകൂലമായേക്കില്ല. അത്തരക്കാര്‍ ടിഎംഎഫുകൾക്ക് പകരം ഹ്രസ്വകാല മെച്യൂരിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് നല്ലത്.

ടാർഗെറ്റ് മെച്യൂരിറ്റി ഫണ്ടുകള്‍ നിങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്താൻ തെരഞ്ഞെടുക്കുന്നതിന് മുമ്പ് അവയുടെ നേട്ടങ്ങളും കോട്ടങ്ങളും ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ട്. അതുപോലെ തന്നെ, ഇടിഎഫ് ഫോർമാറ്റിൽ ലഭ്യമായ ടാർഗെ മെച്യൂരിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കാന്‍ ഒരു ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണ്, ഇല്ലെങ്കിൽ അത് ഒരു പരിമിതിയായേക്കാം.

445
ഞാന്‍ നിക്ഷേപിക്കാന്‍ തയാര്‍